ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ അഗ്നിരക്ഷാ സേനാ ഓഫീസര്‍ക്ക് ഐഎഎസ്.

0
64

ചെന്നൈ: തമിഴ്നാട് അഗ്നിരക്ഷാ സേനയിലെ ആദ്യ വനിതയായ പ്രിയ രവിചന്ദ്രന്‍റെ ധീരതയ്ക്ക് ഇനി ഐഎഎസിന്‍റെ തിളക്കം കൂടി. തീപിടുത്തത്തിനിടെ സര്‍ക്കാര്‍ ഫയലുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പ്രിയയ്ക്ക് ഐഎഎസ് നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു.

2003ല്‍ ഗ്രൂപ്പ് 1 പരീക്ഷയിലൂടെ അഗ്നിരക്ഷാ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ 48കാരി അമ്മയായ ശേഷം രണ്ടാം മാസത്തില്‍ കഠിന പരിശീലനം പൂര്‍ത്തിയാക്കിയാണ് ജോലിയില്‍ പ്രവേശിച്ചത്. കൂടാതെ യുകെയില്‍ നിന്ന് വിദഗ്ദ പരിശീലനവും പ്രിയ നേടിയിട്ടുണ്ട്.

ചെന്നൈയിലെ എതിരാജ് കോളേജ് ഫോർ വിമൻ, ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പ്രിയ കോർപ്പറേറ്റ് സെക്രട്ടറിഷിപ്പില്‍  ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിട്ടുണ്ട്.

ചെപ്പോക്കിലെ സര്‍ക്കാര്‍ കെട്ടിടമായ ഏഴിലകത്ത് 2012ല്‍ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാനെത്തിയ സംഘത്തെ നയിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണാണ് പ്രിയയ്ക്ക് ഗുരുതമായി പൊള്ളലേറ്റത്. സംഭവത്തില്‍ ഒരു ഫയര്‍മാന്‍ മരണത്തിന് കീഴടങ്ങി. രണ്ട് പേര്‍ പ്രിയക്കൊപ്പം രക്ഷപ്പെട്ടിരുന്നു.  45 ശതമാനത്തോളം പൊള്ളലേറ്റ പ്രിയയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അതേവര്‍ഷം മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന മെഡലും 2013ല്‍ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലും പ്രിയയെ തേടിയെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here