അഫ്ഗാനിസ്ഥാനിൽ 30 മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ (Earthquake) ഉണ്ടായി. ഫൈസാബാദിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12:28 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഫൈസാബാദിൽ നിന്ന് 126 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12.55നാണ് റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. എന്നാൽ ഇതുവരെ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2023 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി. ശക്തമായ ഈ ഭൂചലനത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്ത അതോറിറ്റി അറിയിച്ചു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിൽ രണ്ടായിരത്തോളം പേരാണ് മരിച്ചത്.
അതേസമയം പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 50 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതില്‍ ആദ്യത്തെ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. മറ്റൊന്നിന് ആറിന് മുകളില്‍ തീവ്രതയുണ്ടായിരുന്നുവെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെഎംഒ) അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ അധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) പറഞ്ഞു. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെക്‌റ്റോണിക് പ്ലേറ്റ് ഇടപെടലുകള്‍ പതിവായി നടക്കുന്ന, അസ്ഥിരമായ പസഫിക് റിംഗ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ജപ്പാൻ.