വടക്കൻ മെക്‌സിക്കോയിൽ (Northern Mexico) വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അതിർത്തി സംസ്ഥാനമായ സോനോറയിലെ സിയുഡാഡ് ഒബ്രെഗോൺ നഗരത്തിലാണ് സംഭവം നടന്നത്. പാർട്ടിയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികളാണ് ആക്രണം നടത്തിയത്. പാർട്ടി പ്രവർത്തകർക്ക് നേരെയാണ് വെടിയുതിർത്തത്. മരിച്ചവരിൽ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരും പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളുമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേർ ഗുരുതരാവസ്ഥയിലാണെന്നും 13 പേരെ ചികിത്സിച്ച് വിട്ടയച്ചതായും വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തിനും മറ്റ് കുറ്റങ്ങൾക്കുമായി തിരയപ്പെട്ട കാർട്ടൽ അംഗത്തിന് നേരെയുള്ള ആക്രമണമാണ് വെടിവയ്പ്പെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ കാർട്ടൽ അംഗം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ സര്‍വ്വകലാശാലയിലുണ്ടായ വെടിവെപ്പില്‍ 14 പേർ മരിച്ചിരുന്നു. പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയിലെത്തിയ 24 കാരനായ വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന ശേഷമായിരുന്നു യൂണിവേഴ്‌സിറ്റിയിലെത്തി വെടിയുതിര്‍ത്തത്. പിന്നീട് ഇയാള്‍ ജീവനൊടുക്കിയെന്നാണ് വിവരം. വെടിവെപ്പില്‍ 25 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്നത്.
അക്രമിയെന്ന് സംശയിക്കുന്ന ഡേവിഡ് കൊസാക്ക്, ചെക്ക് തലസ്ഥാനത്തിന് പുറത്താണ് താമസിച്ചിരുന്നത്. ഇയാള്‍ കൂട്ടക്കൊലയും ആത്മഹത്യയും പദ്ധതിയിട്ട് പ്രാഗിലെ സര്‍വ്വകലാശാലയിലേക്ക് എത്തുകയായിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന പ്രാഗിലെ ഓൾഡ് ടൗണിന് സമീപമാണ് വെടിവെപ്പ് നടന്ന ചാൾസ് യൂണിവേഴ്‌സിറ്റി. ഇവിടുത്തെ ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.