ഉള്‍ഫയുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രം

0
68

അസമിലെ വിഘടനവാദി സംഘടനയായ ഉള്‍ഫയുമായി(ULFA) സമാധാന കരാറിൽ(Peace deal) ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ (United Liberation Front of Assam) പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടത്. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും ചേര്‍ന്ന ത്രികക്ഷി ഒത്തുതീര്‍പ്പ് മെമ്മോറാണ്ടത്തിലാണ് ഒപ്പുവെച്ചത്. അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പാണ്(insurgent group) ഉള്‍ഫ.

‘ഇന്ന് അസമിന്റെ ഭാവി ശോഭനമായ ദിവസമാണ് എന്നത് എനിക്ക് സന്തോഷകരമായ കാര്യമാണ്, വളരെക്കാലമായി അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അക്രമത്തെ അഭിമുഖീകരിച്ചിരുന്നു.’, സമാധാന കരാറുകള്‍ ഒപ്പുവെച്ചതിന് ശേഷം അമിത് ഷാ പറഞ്ഞു. ഉള്‍ഫ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകിച്ച് അസമിനും സമാധാനത്തിന്റെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്‍ഫ തീവ്രവാദികള്‍ ഉള്‍പ്പെട്ട അക്രമം മൂലം സംസ്ഥാനം ഏറെക്കാലമായി ദുരിതമനുഭവിക്കുന്നുണ്ടെന്നും 1979 മുതല്‍ ഇത്തരം അക്രമങ്ങളില്‍ 10,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മെമ്മോറാണ്ടത്തിന് കീഴിലുള്ള കരാറുകള്‍ നിറവേറ്റുന്നതിന് അസം സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ എല്ലാം നിറവേറ്റുന്നതിനുള്ള ഒരു പരിപാടി സമയബന്ധിതമായി തയ്യാറാക്കുമെന്ന് ഞാന്‍ ഉള്‍ഫ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു’, അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here