സംസ്ഥാന മന്ത്രിസഭയിലേക്ക് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ (LDF) മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതേസമയം കോൺഗ്രസ് ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അപമാനിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ എന്നും അതുകൊണ്ട് കോൺഗ്രസ് പാർട്ടി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്.
കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽഡിഎഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ കേസുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
കേരളത്തിൻ്റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാരത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്നാണ് വഡി സതീശൻ വ്യക്തമാക്കിയത്.