ജമ്മു കശ്മീരിലെ പൂഞ്ചിൽഭീകരർ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനായുള്ള സെെനിക നീക്കം സുരക്ഷാ സേന തുടരുന്നതിനിടെ രജൗരി, പൂഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച മുതൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ അധികൃതർ തടഞ്ഞു. പ്രദേശത്ത് വ്യോമനിരീക്ഷണം വർധിപ്പിച്ചിരിക്കുകയാണ്. സൈന്യത്തിൻ്റെ നമത/ത്വത്തിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്, പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ ഭീകരർക്കായി സെെന്യം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ധത്യാർ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവിൽ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങൾക്കു നേരേ ഭീകരർ ആക്രമണം നടത്തിയത്. സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ പതിയിരുന്ന ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിന് സ്നിഫർ നായ്ക്കളെയടക്കം വിന്യസിച്ചു കൊണ്ടാണ് സൈനികർ തിരച്ചിൽ നടത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.