കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടും. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.
ജനവാസമേഖലയില്‍ അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തുന്നതിനില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പോലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്നു രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയത്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ കര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഇതിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.