മണ്ഡലകാലം 30 ദിവസം പിന്നിട്ടപ്പോൾ ശബരിമല യാത്രക്കാരിൽനിന്നു കെഎസ്ആർടിസിയുടെ വരുമാനം 16.85 കോടി കവിഞ്ഞു. പമ്പ – നിലക്കൽ റൂട്ടിൽ മാത്രം 60,000 സർവീസുകൾ ഇക്കാലയളവിൽ ആനവണ്ടി നടത്തി. ഇതിനായി മാത്രം 200 ബസുകളാണ് ഒരുക്കിയത്. ഇതിനു പുറമെ തിരുവനന്തപുരം, ഗുരുവായൂർ, കുമളി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് 14,500 സർവീസുകളും നടത്തി.
കമ്പം, തേനി, പഴനി, തെങ്കാശി, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് അന്തർസംസ്ഥാന സർവീസുകളും പമ്പയിൽ നിന്നുണ്ട്.ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകളിൽനിന്ന് വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളതെന്ന് അധികൃതർ പറയുന്നു.
പമ്പയിൽനിന്നു നിലയ്ക്കലിലേക്കുള്ള ചെയിൻ സർവീസുകൾ ത്രിവേണി ജങ്ഷനിൽനിന്ന് ലഭിക്കും. ദീർഘദൂര ബസുകൾ പമ്പ ബസ് സ്റ്റേഷനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.അയ്യപ്പഭക്തർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസുകളും ലഭ്യമാണ്. പമ്പ – ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽനിന്ന് തീർഥാടകരെ സൗജന്യമായി പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നുണ്ട്.
പ്രതിദിന ശരാശരി വരുമാനം 50 ലക്ഷം രൂപയാണ്. തിരക്ക് തീരെയില്ലാത്ത ദിവസങ്ങളിൽ മാത്രമാണ് 47 ലക്ഷം വരെയായി കുറഞ്ഞത്. പമ്പ – നിലയ്ക്കൽ എസി ബസിൽ 80 രൂപയും നോൺ എസി ബസിൽ 50 രൂപയുമാണ് നിരക്ക്. വിവിധ സ്ഥലങ്ങളിൽനിന്ന് 400 ബസിൽ കുറയാതെ ദിവസവും പമ്പയിൽ എത്തുന്നുണ്ട്.
കോയമ്പത്തൂർ സർവീസ് രാവിലെയും വൈകിട്ടുമാണ് ഇപ്പോൾ ഓടുന്നത്. തെങ്കാശിക്ക് 15 ബസിനു പെർമിറ്റ് ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ – പമ്പ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടക്കുന്നുണ്ട്. ഏറ്റുമാനൂരിൽനിന്ന് മണർകാട്, കറുകച്ചാൽ, നെടുങ്കുന്നം, മണിമല, പൊന്തൻപുഴ എരുമേലി വഴിയാണ് പമ്പ എത്തുക. മണ്ഡലകാല അവസാന ദിവസങ്ങളിലും മകരവിളക്ക് സമയത്തും കൂടുതൽ സർവീസുകൾ നടത്തും.