സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.
14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.
തിരുവനന്തപുരം.
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കൊല്ലം –
തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡ് കടത്തൂര്‍ കിഴക്ക് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്. – പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മയ്യത്തും കര എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഷീബയാണ് വിജയിച്ചത്.
ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. – കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.
പത്തനംതിട്ട –
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയില്‍ സിറ്റിങ് സീറ്റില്‍ സിപിഎം ഒരു വോട്ടിന് ജയിച്ചു.
സിപിഎമ്മിലെ അശ്വതി പി.നായര്‍ക്ക് 201 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള എതിര്‍സ്ഥാനാര്‍ഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്. – റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാര്‍ഡ് ബിജെപിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു.
ആലപ്പുഴ –
കായംകുളം നഗരസഭയിലെ ഫാക്ടറി വാര്‍ഡില്‍ ബിജെപിക്ക് ജയം . ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സന്തോഷ് കണിയാംപറമ്പില്‍ സിപിഎമ്മിലെ അബ്ദുള്‍നാസറിനെ 182 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
– ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തിരുവന്‍ വണ്ടൂര്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.