പാകിസ്ഥാനിൽ തീവ്രവാദി ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവേശ്യയിലെ ദേറ ഇസ്മയിൽ ഖാൻ ജില്ലയിലാണ് ചാവേറാക്രമണം ഉണ്ടായിരിക്കുന്നത്. പോലീസ് സ്റ്റേഷനിലേക്ക് ചാവേറുകൾ ഇടിച്ചു കയറുകയായിരുന്നുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായിട്ടാണ് പ്രഥമിക വിവരം. 16 ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണ വസിറിസ്താൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്ന ജില്ലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
തെഹ്രീക്ക്-ഇ-ജിഹാദ് പാകിസ്താൻ എന്ന പുതിയ തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തു. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് അക്രമികൾ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് വെടിവെപ്പ് നടത്തുകയും ചെയ്തു. ഈ വർഷം ആദ്യ പഷവാറിൽ ഒരു മുസ്ലിം പള്ളിയിൽ 101 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണിത്. രണ്ട് തീവ്രവാദികളെ പാകിസ്താനി സുരക്ഷസേന വെടിവെച്ചിട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.