കോഴിക്കോട്: അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. പാലാഴി പത്മാലയത്തില്‍ രശ്മി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20- ഓടെ മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. ബസിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചശേഷവും ഡ്രൈവര്‍ നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബസ്സിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറില്‍നിന്ന് യുവതി ബസിനടിയിലേക്ക് തെറിച്ചുവീണു. ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് ജീവനക്കാരുടെ പേരില്‍ കേസെടുത്തു. പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.20-ഓടെ മരിച്ചു.