പട്ന: സർക്കാർ സ്കൂൾ അധ്യാപകനെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയതിന് ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി റിപ്പോർട്ട്. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് ഈ സംഭവം. പത്തേപൂരീലെ രേപുരിലെ ഉത്ക്രമിത് മധ്യ വിദ്യാലയത്തിലെ അധ്യാപകനായ ഗൗതം കുമാറിനെ ആണ് തട്ടിക്കൊണ്ടുപോയത്. ബീഹാർ പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷ പാസായ ഗൗതം ഈയിടെയാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.
മൂന്ന് നാല് പേരടങ്ങുന്ന സംഘം വാഹനത്തിലെത്തി ഇദ്ദേഹത്തെ സ്കൂളിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. രേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഇദ്ദേഹത്തെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഗൗതം മഹേയ ഗ്രാമത്തിൽ ആണ് താമസം. തനിക്ക് ഈ വിവാഹം താല്പര്യം ഇല്ലെന്ന് ഗൗതം പറയുന്നു.
സംഭവം അറിഞ്ഞ ഗൗതത്തിന്റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ – താജ്പൂർ റോഡ് ഉപരോധിച്ചു. തുടർന്ന് പടേപൂർ പോലിസ് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ചയാണ് അധ്യാപകനെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും ഗൗതം കോടതിയിൽ മൊഴി രേഖപ്പെടുത്തുെമെന്നും പടേപൂർ പൊലീസ് സ്റ്റേഷന്റെ അഡീഷണൽ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഹസന്ഡ സർദാർ പറഞ്ഞു.
വരനെ തട്ടിക്കൊണ്ടു വന്ന് തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിക്കുന്നത് ബീഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാധാരണയായി നടക്കാറുണ്ട്. ‘പകദ്വ വിവാഹ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. സമൂഹത്തിൽ നല്ല സ്ഥാനമുള്ള സാമ്പത്തികമായി നല്ല നിലയിലുള്ള ആളുകളെയാണ് പെൺകുട്ടികളുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകാറുള്ളത്.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ക്രൂരമായ മർദ്ദനമാണ് നടത്തുക. കഴിഞ്ഞ വർഷം ജൂണിൽ ഇതുപോലൊരു കേസ് ഉണ്ടായിരുന്നു. അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മൃഗഡോക്ടറെ കാെണ്ട് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു എഞ്ചിനീയറെ തട്ടിക്കൊണ്ടു പോയി ഇതുപോലെ വിവാഹത്തിന് ഭീഷണപ്പെടുത്തിയിരുന്നു.