ചടയമംഗലം : കാട്ടുപന്നികളും കുരങ്ങുകളും കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ ജില്ലയുടെ കിഴക്കൻമേഖലയിലെ കര്‍ഷകര്‍ കണ്ണീര്‍കയത്തില്‍.
ചടയമംഗലം, ഇളമാട്, ഉമ്മന്നൂര്‍, ഇട്ടിവ, കടയ്ക്കല്‍, പഞ്ചായത്ത് പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് വിളവെടുപ്പിനു സാധിക്കാത്ത അവസ്ഥയാണ്. നൂറുകണക്കിന് മരച്ചീനി, വാഴ എന്നിവയാണ് കൃഷിസ്ഥലത്തെ വേലികള്‍ പൊളിച്ച് പന്നികള്‍ നശിപ്പിക്കുന്നത്.
ഇട്ടിവ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ ഇളമ്ബഴന്നൂര്‍, പോലീസ്‌മുക്ക്, ആനപ്പാറ മഠത്തിക്കോണം, ചടയമംഗലം പഞ്ചായത്തിലെ വ്ളാലില്‍ ഏലാ, ആറാട്ടുകടവ് ഏലാ, പോരേടം, മുട്ടത്തുകോണം, തെരുവിൻഭാഗം, ഇളവക്കോട്, കടന്നൂര്‍, കണ്ണങ്കോട്, കല്ലടത്തണ്ണി, പൂവത്തൂര്‍, മണലയം, ഇളമാട് പഞ്ചായത്തിലെ കൊല്ലുകോണം, കോട്ടയ്ക്കവിള തേവന്നൂര്‍, ഉമ്മന്നൂര്‍ പഞ്ചായത്തിലെ വയണാംമൂല, കൊച്ചുകുന്നുംപുറം, കൊപ്പള്ളി തുടങ്ങി മിക്കയിടത്തും കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ഇതില്‍ വ്ളാലില്‍ ഏലായില്‍ വൻതോതിലാണ് നെല്‍ക്കൃഷി നശിപ്പിച്ചിരിക്കുന്നത്.ടാപ്പിങ് തൊഴിലാളികള്‍ക്ക് പന്നിശല്യംമൂലം പുലര്‍ച്ചെ ടാപ്പിങ്ങിനു പോകാൻ കഴിയുന്നില്ല. പോരേടം ഭാഗത്ത് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാൻവരെ ആളുകള്‍ക്ക് ഭയമാണ്. മുട്ടത്തുകോണത്ത് ഏക്കര്‍ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്.
എന്നാല്‍ ചടയമംഗലം, നെട്ടേത്തറ, കുരിയോട്, മാടപ്പാറ, ആലങ്കോട്, പൂങ്കോട് മേഖലകളില്‍ കുരങ്ങുകളാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. കാട്ടുപന്നികളും കുരങ്ങുകളും കൃഷിയിടങ്ങള്‍ കീഴടക്കിയതോടെ കടുത്ത മാനസിക പിരിമുറുക്കത്തിലാണ് കര്‍ഷകര്‍.