എച്ച്ഐവി അല്ലെങ്കിൽ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്, നിരവധി തെറ്റിദ്ധാരണകളാൽ മൂടപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഇത്തരം കെട്ടുകഥകൾ പരക്കെ വിശ്വസിക്കപ്പെടുന്നവയുമാണ്. എച്ച്ഐവിയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഡിസംബർ ഒന്നിന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുന്ന വൈറസാണ്. ഇത് വ്യക്തികളെ വിവിധ രോഗങ്ങൾക്ക് ഇരയാക്കുന്നു.
ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് എച്ച്ഐവി പടരുന്നത്.ഇത് എയ്ഡ്സിലേക്ക് (അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) പുരോഗമിക്കും, എച്ച്ഐവി അണുബാധയുടെ വിപുലമായ ഘട്ടമാണിത്. ഈ അവസ്ഥയിൽ രോഗപ്രതിരോധ സംവിധാനത്തിന് ഗുരുതരമായ തകർച്ച സംഭവിക്കുന്നു.ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) ഉപയോഗിച്ച് എച്ച്ഐവി ഫലപ്രദമായി കൈകാര്യം ചെയ്യാനും തടയാനും കഴിയും.
ഈ ചികിത്സയിൽ ആന്റി റിട്രോവൈറൽ മരുന്നുകൾ ഉൾപ്പെടുന്നു. അത് വൈറസിന്റെ പുനർനിർമ്മാണം നിർത്തുന്നു, രോഗപ്രതിരോധ സംവിധാനത്തെ വീണ്ടെടുക്കാനും കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുന്നത് തടയാനും സഹായിക്കുന്നു.എച്ച്ഐവിക്കെതിരായ ഈ പോരാട്ടത്തിൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്.
പതിവ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നത്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ, ഗർഭിണികൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ എന്നിവർക്ക് എച്ച്ഐവി പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും വൈറസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യും.എച്ച്ഐവി പ്രതിരോധത്തിലെ പ്രധാന ഭാഗം അവബോധം വളർത്തുകയാണ്.
സ്‌കൂളുകളിലും കമ്മ്യൂണിറ്റികളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കാമ്പെയ്‌നുകൾ നടത്തുന്നതിലൂടെ, എച്ച്ഐവി പരിശോധനയുടെയും ചികിത്സയുടെയും പ്രാധാന്യം ഊന്നിപ്പറയാനാകും.
കെട്ടുകഥകൾ ഇല്ലാതാക്കുകയും എച്ച്‌ഐവിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും പരിശോധനയെ ആരോഗ്യസംരക്ഷണത്തിന്റെ ഒരു സാധാരണ ഭാഗമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.സംസ്ഥാനത്ത് 1042 എയ്ഡ്സ് ബാധിതർ ഉണ്ടെന്നാണ് കഴിഞ്ഞ 10 മാസത്തിനുള്ളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്.
13,54,874 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.തൃശൂര്‍ ജില്ലയില്‍ 2937 പേരാണ് ഇതുവരെ എയ്ഡ്സ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ തൃശൂര്‍ ജില്ലയില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചത് 38 പേരാണ്. കഴിഞ്ഞ വര്‍ഷം എയ്ഡ്സ് ബാധിച്ച് 63 പേരാണ് മരിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 103 പേര്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1126 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ കഴിഞ്ഞവർഷം 52 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം 62 പേരായി ഉയർന്നു.
ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഗർഭിണിയായ അമ്മ എച്ച്ഐവി പോസറ്റീവായി മാറുകയും ചികിത്സ തേടാത്തതിനാൽ കുട്ടികൾക്ക് രോഗം ബാധിക്കുകയുമായിരുന്നു.എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 152 പേര്‍ക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. പരിശോധന വര്‍ധിപ്പിച്ചാല്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 152 പേര്‍ക്ക് കൂടി എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചത്.എയ്ഡ് ബാധിച്ചവരിൽ മൂന്ന് നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. നിലവില്‍ 1255 പേരാണ് എയ്ഡ്സ് ബാധിതരായി എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത്.
എല്ലാ വര്‍ഷവും 170ഓളം പേരാണ് എച്ച്ഐവി പോസിറ്റീവാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ളത് പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ആളുകള്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചാല്‍ എയ്ഡ്സ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ബോധവത്കരണം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവിഭാഗം.