രാജസ്ഥാനിലെ കോട്ടയിൽ (Rajasthan Kota) വീണ്ടും വിദ്യാർത്ഥി ആത്മഹത്യ (student suicide). പശ്ചിമ ബംഗാൾ സ്വദേശിയായ ഫൗരീദ് ഹുസൈ (20)നാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 28 ആയി. നീറ്റ് പരീക്ഷാർത്ഥിയായ (NEET aspirant) ഹുസൈനെ നഗരത്തിലെ വഖഫ് നഗർ ഏരിയയിലെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹുസൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകുന്നേരം നാല് മണിക്കാണ് ഹുസൈനെ അവസാനമായി കണ്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് ഏഴ് മണി വരെ അദ്ദേഹത്തിന്റെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
ഹുസൈനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വിദ്യാർത്ഥിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദ്യാർത്ഥി ആത്മഹത്യ കേസുകളിൽ ഭയാനകമായ വർദ്ധനവിനാണ് കോട്ട സാക്ഷ്യം വഹിക്കുന്നത്. വലിയ ആശങ്ക ഉയർത്തുന്ന വിഷയമാണിത്. എല്ലാ കോച്ചിംഗ് സെന്ററുകളിലും സീലിംഗ് ഫാനുകളിൽ ആന്റി ഹാംഗിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുകയും രണ്ട് മാസത്തേക്ക് പരീക്ഷ നടത്തരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.