കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി:

0
98

കുസാറ്റ് കാമ്പസിൽ (CUSAT Campus) ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് കുസാറ്റ് സർവകലാശാല ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂൾ  ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻറെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. വിദ്യാർത്ഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കാനായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി (CUSAT University Holiday) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടർന്ന് എല്ലാ പരീക്ഷകളും മാറ്റിവച്ചതായും (Exam Postponed) സർവകലാശാല അറിയിച്ചു.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. അതേസമയം സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും. സിൻഡിക്കേറ്റ് അംഗം കെ കെ കൃഷ്ണകുമാർ, മാത്തമാറ്റിക്സ് പ്രൊഫസർ ശശി ഗോപാലൻ, യൂത്ത് വെൽഫെയർ ഡയറക്ടർ പി കെ ബേബി എന്നിവർ  അടങ്ങുന്നതാണ് സമിതി. ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകിട്ടാണ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിൻറെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചത്. അപകടത്തിൽ 51 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഗാനമേളക്കിടെ മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ കയറിയതാണ് ദുരന്തത്തിൽ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് ഉടൻ തന്നെ മാറ്റിയിരുന്നു. പരിക്കേറ്റ 46 പേരെയാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രണ്ട് പെൺകുട്ടികൾ ഐസിയുവിലാണ്. 15 പേർ നിസ്സാരപരിക്കുകളോടെ വാർഡുകളിലുണ്ട്. 15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അതേസമയം രണ്ട് പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി. ഒരു കുട്ടി സൺറൈസ് ആശുപത്രിയിലുണ്ട്. ഈ വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ല.ടെക് ഫെസ്റ്റിന്റെ സമാപന ദിവസം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ്ങ് ആണ് കുസാറ്റിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആസ്ബസ്റ്റോസ് ഷീറ്റുകൾ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാർഗം മാത്രമാണ് ഉണ്ടായിരുന്നത്. ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികൾ അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയായിരുന്നു. സ്റ്റെപ്പുകളിൽ നിന്നാണ് വിദ്യാർത്ഥികൾ പരിപാടി ആസ്വദിച്ചിരുന്നത്. താഴെ വീണ കുട്ടികൾക്ക് ചവിട്ടേറ്റും മറ്റുമാണ് പരിക്കേറ്റത്. കുസാറ്റിലെ വിദ്യാർത്ഥികൾക്കൊപ്പം മറ്റു കോളേജുകളിലെ വിദ്യാർത്ഥികളും പരിപാടിക്കെത്തിയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here