കോഴിക്കോട്: സംസ്ഥാനത്ത് ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 2024 ഓടു കൂടി ദേശീയപാത വികസനം പൂർത്തിയാക്കാനാകും എന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കും. 2026 ഓടെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്ന് റിയാസ് വ്യക്തമാക്കി.
മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ കുറവ് പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു. വടകര-മൂരാട് പാലത്തിന്റെ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.