വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇസ്രായേലും ഹമാസും വെടിനിർത്തലിന് സമ്മതം മൂളുകയായിരുന്നു. ഇതോടെ താത്കാലിക യുദ്ധവിരാമത്തിലാണ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ തുടക്കമാകുക. ഇതോടെ 48 ദിവസം പിന്നിട്ട യുദ്ധത്തിനാണ് താത്കാലിക വിരാമമാകുന്നത്.ബന്ദികളെ മോചിപ്പിക്കുന്നത് അടക്കം ഒട്ടേറെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ. ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചയിൽ ഈജിപ്റ്റും അമേരിക്കയും പങ്കെടുത്തിരുന്നു.നാല് ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാർ. നാളെ വൈകിട്ട് നാല് മണിയോടെപ്രായമായ സ്ത്രീകളും കുട്ടികളും അടക്കം 13 ബന്ധികളെ ഹമാസ് വിട്ടയക്കുമെന്നും ഖത്തർ വ്യക്തമാക്കി.
ബന്ദികളെ റെഡ് ക്രോസിനാണ് കൈമാറുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.മോചനം കാത്ത് കഴിയുന്ന ബന്ദികളുടെ പേരുവിവരങ്ങളും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഖത്തർ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ ജയിലിൽ കഴിയുന്ന പാലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് അൻസാരി അറിയിച്ചിരുന്നു. എന്നാൽ, എത്ര തടവുകരെ വിട്ടയക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.വെടിനിർത്തൽ നീട്ടണമെന്ന് സൗദി അറോബ്യ അടക്കമുള്ള അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. മിന്നലാക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ തുടങ്ങിയ യുദ്ധത്തിനിടെ ഉണ്ടാകുന്ന നിർണായകമായ നീക്കമാണ് ഈ വെടിനിർത്തൽ.വെടിനിർത്തൽ കാര്യത്തിൽ ധാരണയിലെത്തിയതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസഭ വോട്ടിനാണ് വെടിനിർത്തലിന് അംഗീകാരം നൽകിയത്.
മൂന്നിനെതിരെ 35 വോട്ടുകൾക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്.ഇസ്രായേൽ പ്രതിരോധ സേന, മൊസാദ്, ഷിൻ ബെത് എന്നിവർ വെടിനിർത്തലിനെ അനുകൂലിച്ചപ്പോൾ തീവ്ര വലതുപക്ഷ പാർട്ടിയായ റിലിജിയസ് സയണിസ്റ്റ് പാർട്ടി എതിർക്കുകയായിരുന്നു. പിന്നീട്, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സമ്മതിച്ചത്. മറ്റൊരു തീവ്ര വലതുപക്ഷ പാർട്ടിയായ ഒട്സമ യഹൂദിത് പാർട്ടി മാത്രമാണ് വെടിനിർത്തൽ കരാറിനെതിരെ വോട്ട് ചെയ്തത്.