കൊച്ചിയില്‍ ക്രൂസ് ടൂറിസത്തിന് തുടക്കം.

0
56

ട്ടാഞ്ചേരി: ആഡംബര കപ്പല്‍ സീസണിന് തുടക്കം കുറിച്ച്‌ ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പല്‍ എത്തും. റോയല്‍ കരീബിയൻ ഗ്രൂപ്പിന്‍റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണില്‍ ആദ്യമായെത്തുക.

മുംബൈയില്‍നിന്നു വരുന്ന കപ്പലില്‍ 2000ത്തോളം സഞ്ചാരികളും 1377 ജീവനക്കാരുമാണുള്ളത്. ശനിയാഴ്ച രാത്രിതന്നെ കൊളംബോയിലേക്ക് തിരിക്കും. 26ന് അസമാര ജേണി എന്ന മറ്റൊരു കപ്പലും കൊച്ചിയിലെത്തുന്നുണ്ട്.

നവംബര്‍ മുതല്‍ മേയ് വരെയാണ് സാധാരണയായി ക്രൂസ് സീസണ്‍. 2023-24 സീസണില്‍ 44 കപ്പലുകളാണ് കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആഡംബര കപ്പല്‍ വിനോദസഞ്ചാര മേഖലയെ ആകര്‍ഷകമാക്കാൻ കൊച്ചി തുറമുഖ അതോറിറ്റി ആധുനിക ക്രൂസ് ടെര്‍മിനലാണ് ഒരുക്കിയിരിക്കുന്നത്. കപ്പലുകള്‍ക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കപ്പല്‍ തുറമുഖത്ത് അടുക്കുന്നതോടെ വിവിധയിനം സേവനങ്ങളിലൂടെ തുറമുഖ ട്രസ്റ്റിന് 15 മുതല്‍ 25 ലക്ഷം രൂപ വരെയാണ് വരുമാനം. കുടിവെള്ളം നിറക്കല്‍ തുടങ്ങിയ മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് വേറെയും. വാഹന സൗകര്യമടക്കം ഒരു സഞ്ചാരി ശരാശരി 1300-1500 ഡോളര്‍ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രതിവര്‍ഷം ശരാശരി 75,000 സഞ്ചാരികള്‍ വരെ ആഡംബര കപ്പല്‍ വഴി കൊച്ചിയിലെത്താറുണ്ട്. ആഡംബര കപ്പല്‍ ആഗമനം കൊച്ചിയുടെ വിദേശ വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ് പകരും.

LEAVE A REPLY

Please enter your comment!
Please enter your name here