ആരാധകനെ തല്ലിയതില്‍ മാപ്പുപറഞ്ഞ് നടന്‍ നാനാ പടേക്കര്‍

0
82

സിനിമാ ചിത്രീകരണത്തിനിടെ ആരാധകനെ തല്ലിയ സംഭവത്തില്‍ ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്ക് എതിരെ വ്യാപകമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടനെതിരെ പ്രതിഷേധിച്ചും പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞു വാദപ്രതിവാദങ്ങള്‍ നടത്തി.സംഭവം വിവാദമായതോടെ നടന്‍ നാനാ പടേക്കര്‍ വിഷയത്തില്‍ മാപ്പുപറഞ്ഞു. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേര്‍ണി എന്ന സിനിമയുടെ ചിത്രീകരണം വാരണാസിയില്‍ നടക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയ യുവാവിനെ നാനാ പടേക്കര്‍ തല്ലുകയായിരുന്നു.

 

 

സംഭവിച്ചതിനെല്ലാം ക്ഷമചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിത്രീകരണത്തിനിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പലരും തെറ്റായി വ്യാഖ്യാനിച്ചു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്റെ വരാനിരിക്കുന്ന ‘ജേർണി’ എന്ന ചിത്രത്തിലെ ഒരു ഷോട്ടിന്റെ റിഹേഴ്സലിനിടെ സംഭവിച്ച തെറ്റിദ്ധാരണയാണ് എന്ന് നാനാ പടേക്കര്‍ കുറിച്ചു.സിനിമ ഷൂട്ടിങ്ങിനിടയിലെ സീൻ റിഹേഴ്സലിന്റെ ഭാ​ഗമാണെന്ന് കരുതിയാണ് താന്‍ അങ്ങനെ പെരുമാറിയതെന്ന് നാനാ പടേക്കര്‍ പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാൻ സംവിധായകൻ നിർദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെൽഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു.

 

 

“സിനിമയുടെ ക്രൂവിലുള്ള ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനിൽക്കാനും പറഞ്ഞു. പിന്നെയാണ് അയാൾ അണിയറ പ്രവർത്തകരുടെ ഭാ​ഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുപറ്റിയെന്ന് മനസിലാക്കെ തിരികെ വിളിച്ചെങ്കിലും അയാൾ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകർത്തിയത്.” നാനാ പടേക്കർ പറഞ്ഞു. “എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാൻ ആരെയും തല്ലിയിട്ടില്ല, ഇതുപോലൊന്ന് ചെയ്തിട്ടില്ല. കാശിയിലെ ആളുകളും മറ്റെല്ലാവരും എന്നെ വളരെയധികം സ്നേഹിക്കുന്നു, ഞാൻ ഒരിക്കലും ഇത്തരത്തിൽ ചെയ്യില്ല. ഞങ്ങൾ കുട്ടിയെ ഒരുപാട് തിരഞ്ഞു, കാരണം ഒരു തെറ്റും കൂടാതെ അവനെ തല്ലി, പക്ഷേ ഞങ്ങൾക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here