ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആരോഗ്യനില മോശമായതിനെ ഞായറാഴ്ച അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഡിഎഎച്ച്) പ്രവേശിപ്പിച്ചിരുന്നു.1948 ജൂൺ 10ന് ബീഹാറിലെ അരാരിയയിലാണ് സുബ്രത റോയ് ജനിച്ചത്. ഗോരഖ്പൂരിലെ ഗവൺമെന്റ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വിദ്യാഭ്യാസം നേടി. 1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി.
സുബ്രതോ റോയിയുടെ നേതൃത്വത്തിൽ സഹാറ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.1990-കളുടെ അവസാനത്തിൽ പൂനെയ്‌ക്ക് സമീപം ആംബി വാലി സിറ്റി പദ്ധതിക്ക് തുടക്കമിട്ടു. 1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. സഹാറ ടിവിയിലൂടെ ടെലിവിഷൻ രംഗത്ത് പ്രവേശിച്ചു. പിന്നീട് ഇത് സഹാറ വൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2000ത്തിൽ, ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ തുടങ്ങിയവ ഏറ്റെടുത്തുകൊണ്ട് അദ്ദേഹം രാജ്യാന്തര ശ്രദ്ധ നേടി. 1.2 ദശലക്ഷം തൊഴിലാളികളുള്ള ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽ ദാതാവായി സഹാറ ഇന്ത്യ പരിവാറിനെ ഒരിക്കൽ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു. ബിസിനസ്സിൽ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും റോയ് നിയമപരമായ വെല്ലുവിളികൾ നേരിട്ടേണ്ടിവന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി)രജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് 2014ൽ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. ഇത് നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചു, റോയ് തിഹാർ ജയിലിൽ കഴിയുകയും ഒടുവിൽ 2016ൽ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു. ഈസ്റ്റ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിസിനസ്സ് നേതൃപാടവത്തിൽ ഓണററി ഡോക്ടറേറ്റും ലണ്ടനിലെ പവർബ്രാൻഡ്സ് ഹാൾ ഓഫ് ഫെയിം അവാർഡിൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ ഇന്ത്യാ ടുഡേയുടെ പട്ടികയിലും അദ്ദേഹം സ്ഥിരമായി ഇടംനേടി.