ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലേതുൾപ്പെടെ 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. സ്ഥാനാർഥികളുടെ പട്ടിക യോഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്.
ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചത് വിജയസാധ്യത മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് യോഗം പുലർച്ചവരെ നീണ്ടിരുന്നു. നരേന്ദ്ര മോദിയ്ക്ക് പുറമെ, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നഡ്ഡ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആദ്യം പ്രധാനമന്ത്രിയുടെ വസതിയിൽ അമിത് ഷാ, ജെപി നഡ്ഡ എന്നിവരടക്കം പങ്കെടുത്ത ആലോചനായോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിനെത്തിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാകും ആദ്യഘട്ട പട്ടികയിൽ കൂടുതലായി ഉണ്ടാവുക. കേരളത്തിൽനിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും നേതാക്കളെ കണ്ടു.
160 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വളരെ കുറച്ചുപേരുകൾ മാത്രമേ യോഗം ചർച്ച ചെയ്തുള്ളൂ എന്ന റിപ്പോർട്ടുകളും ഉണ്ട്. കഴിഞ്ഞ തവണ 437 സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചിരുന്നത്. 303 സീറ്റുകൾ നേടുകയും ചെയ്തു. അതേസമയം കഴിഞ്ഞതവണ മത്സരിച്ച പല പ്രമുഖരെയും ഇത്തവണ ഒഴിവാക്കി ഇത്തവണ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള സാധ്യതകൾ കാണുന്നുണ്ട്.
കേരളത്തിലേതടക്കം ചില സീറ്റുകളും ആദ്യ പട്ടികയിലുണ്ടായേക്കും. തൃശൂർ, പാലക്കാട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയാകുമെന്ന് കെ സുരേന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.