യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും മുഖാമുഖം വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ കൂടിക്കാഴ്ച എത്രമാത്രം സ്വാധീനം ചെലുത്തുമെന്നും എന്തൊക്കെ തീരുമാനങ്ങളെടുക്കുമെന്നും ഉറ്റുനോക്കുകയാണ് ലോകം. ഇന്തോനേഷ്യയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലാണ് യോഗം. ഈയാഴ്ച നടക്കുന്ന അപെക് ഉച്ചകോടിക്കിടെ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച അപെക് ഉച്ചകോടിയുടെ കേന്ദ്രബിന്ദുവല്ല. എന്നാല്‍ ലോകം മുഴുവന്‍ ഇതിനെ ഉറ്റുനോക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്.
ഈ യോഗത്തില്‍ ഇരു വന്‍ശക്തികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം.2021 ജനുവരിയില്‍ ബൈഡന്‍ അധികാരമേറ്റ ശേഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ച മാത്രമാണിത്.ഇരുവരുടെയും കൂടിക്കാഴ്ചയില്‍ അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. ‘സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുഖാമുഖ നയതന്ത്രത്തിന് പകരം മറ്റൊന്നുമില്ലെന്ന് ബൈഡന്‍ വിശ്വസിക്കുന്നു.യുഎസ്-പിആര്‍സി ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ പര്യടനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം അമേരിക്കയുമായുള്ള സൈനിക ആശയവിനിമയം ചൈന വിച്ഛേദിച്ചു.
ജനാധിപത്യപരമായി ഭരിക്കുന്ന ദ്വീപാണെങ്കിലും തായ്വാന്‍ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.ഇതിനുശേഷം, ഫെബ്രുവരിയില്‍ അമേരിക്കയ്ക്ക് മുകളിലൂടെ പറന്ന ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടതോടെ ഈ ബന്ധം കൂടുതല്‍ വഷളായി.എന്നാല്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനിടെ ബീജിംഗ് സന്ദര്‍ശിച്ചു. ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.’സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. സൈനികതല ആശയവിനിമയങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാകും” അദ്ദേഹം പറഞ്ഞു.ഇസ്രായേല്‍-ഹമാസ് യുദ്ധം, യുക്രൈനെതിരായ റഷ്യയുടെ ആക്രമണം, റഷ്യയുമായുള്ള ഉത്തരകൊറിയയുടെ ബന്ധം, തായ്വാന്‍, ഇന്തോ-പസഫിക്, മനുഷ്യാവകാശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍, ആഗോള പ്രശ്നങ്ങള്‍ എന്നിവ വരെ ബിഡന്‍-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും വിവരമുണ്ട്.