പ്രശസ്തമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യത്തിന് (Mannarasala Ayilyam) മഹാദീപക്കാഴ്ചയോടെ തുടക്കം. ആലപ്പുഴയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ഇന്നു പുലർച്ചെ ആരംഭിച്ച് വൈകിട്ട് 6 വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
തുടർന്ന് 9.30ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും.
മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ മഹോത്സവത്തിൽ ഇക്കുറി കലാപരിപാടികൾ ഒഴിവാക്കി. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിന്റെ ഭാഗമായ പൂയം തൊഴലിൽ ആയിരങ്ങൾ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭക്തർ പൂയം തൊഴൽ നടത്തിയത്.