ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഒൻപത് ദിവസം കൊണ്ട് ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്.
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.പി. ശ്രീജിത്തിനൊപ്പം ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങളും തിയേറ്ററിൽ എത്തിയിരുന്നു. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. പി. ശ്രീജിത്ത് പറഞ്ഞു.