സംസ്ഥാനത്തെ നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപ്പിക്കും. സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറും. സഹകരണ സംഘവും സപ്ലെകോയും ചേർന്നുള്ള ഈ പുതിയ പദ്ധതിയ്ക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന്റെ വില സംഘങ്ങൾ ഉടൻ തന്നെ കർഷകർക്ക് നൽകും.
സംഘങ്ങൾ മില്ലുകൾ വാടകക്ക് എടുത്താകും നെല്ല് അരിയാക്കുക. അരിയുടെ വില സപ്ലൈകോ പിന്നീട് സംഘങ്ങൾക്ക് കൈമാറും. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് ധാരണയായിട്ടുള്ളത്. സഹകരണ സംഘങ്ങൾ സജീവമല്ലാത്ത സ്ഥലങ്ങളിൽ സപ്ളൈകോ തന്നെ സംഭരണം നടത്തും.
അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ട്. ഇതിന് ശേഷമാവും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. സംഘങ്ങളെ സംഭരണം ഏൽപ്പിച്ചാൽ ഇത് കാര്യക്ഷമമാകുമോ എന്ന ആശങ്കയുണ്ട് മന്ത്രിമാർ തന്നെ ഉയർത്തുന്നുണ്ട്. അതിനാൽ ഇന്നത്തെ യോഗം നിർണായകമാകും.
അതേസമയം, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരണം വേണ്ടെന്നായിരുന്നു സിപിഐയുടെ നിലപാട്. മുൻവർഷങ്ങളിലേതിന് സമാനമായി സപ്ലൈകോ വഴി നേരിട്ട് നെല്ല് സംഭരിച്ചാൽ മതിയെന്നാണ് സിപിഐ ആവശ്യപ്പെട്ടത്.
കൃഷി വകുപ്പിലെ സിപിഎം ഇടപെടൽ ഒഴിവാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുകയാണെങ്കിൽ കർഷകർക്ക് ഉടൻ പണം കിട്ടുകയും, നിലവിലുള്ള പരാതികൾ ഒഴിവാക്കാമെന്നും സിപിഎം പറയുന്നു.