യുഎസിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം

0
122

ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്  യുഎസിൽ പലസ്‌തീൻ അനുകൂലികളുടെ പ്രതിഷേധം. തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലാണ് പ്രതിഷേധം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 300ഓളം പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.

പ്രതിഷേധക്കാർ തടസം സൃഷ്‌ടിച്ചതിനെ തുടർന്ന് ക്യാപിറ്റോൾ സമുച്ചയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. വെടി നിർത്തൽ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാർഡുകളുമായെത്തിയ ജൂത സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട പ്രതിഷേധക്കാർ ഇവിടെ തടിച്ചുകൂടിയിരുന്നു. “ജൂതന്മാർ പറയുന്നു, ഇപ്പോൾ വെടിനിർത്തൽ വേണം” എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു.

പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, പ്രധാന കവാടത്തിനും പുറത്തുകടക്കുന്ന വാതിലിനും പകരം ഭൂഗർഭ തുരങ്കങ്ങൾ ഉപയോഗിക്കാൻ പോലീസ് നിർദ്ദേശിച്ചതായി ക്യാപിറ്റോൾ ഹിൽ ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ക്യാമ്പസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ സുരക്ഷാ ഏജൻസികൾ സ്വീകരിച്ചു.

പ്രകടനത്തിന്റെ മുന്നോടിയായി ക്യാപിറ്റോൾ ബിൽഡിംഗ് സുരക്ഷിതമാക്കാൻ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഗാസയിലെ അൽ-അഹ്‌ലി ഹോസ്‌പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 500ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി ഇസ്രയേലും ഹമാസും പരസ്‌പരം പഴിചാരുന്ന ഘട്ടത്തിലാണ് യുഎസിൽ പ്രതിഷേധം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here