പാകിസ്ഥാനെതിരായ ഇന്ത്യൻ വിജയം ആഘോഷിക്കാന്‍ 70 ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ചണ്ഡീഗഢിലെ കുടുംബം.

0
52

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യാ-പാക് പോരാട്ടം കഴിഞ്ഞു. ഇന്ത്യൻ കായികപ്രേമികൾ പ്രതീക്ഷിച്ചതുപോലെ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച വിജയം നേടി. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം തവണയും പാകിസ്ഥാന് മേല്‍ വിജയം നേടിയത്.

എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഇന്ത്യന്‍ ടീമിന്റെ വിജയം ആഘോഷിച്ച ചണ്ഡീഗഢിലെ ഒരു കുടുംബത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യാ-പാക് പോരാട്ടം മുറുകുന്നതിനിടെ ഈ കുടുംബം 70 ബിരിയാണിയാണ് സ്വിഗ്ഗിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. ഇന്ത്യ വിജയം നേടുമെന്ന കാര്യം അവര്‍ക്ക് ഉറപ്പായിരുന്നു. സ്വിഗ്ഗി തന്നെയാണ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്.

” ചണ്ഡീഗഢിലെ ഒരു കുടുംബം 70 ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ആരാണ് വിജയം നേടുകയെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു,” എന്നാണ് സ്വിഗ്ഗിയുടെ പോസ്റ്റില്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

” ഞാന്‍ 86 വടപാവ് ഓര്‍ഡര്‍ ചെയ്തിരുന്നു. കൃത്യസമയത്ത് തന്നെ അവ എത്തി. നന്ദി സ്വിഗ്ഗി,” എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇത്തവണ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങും ജസ്പ്രിത് ബുംറ നേതൃത്വം നല്‍കിയ തകര്‍പ്പന്‍ ബോളിങ്ങുമാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് നയിച്ചത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ രോഹിത് നേടിയ 86 റണ്‍സ് പാകിസ്ഥാന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകളഞ്ഞു.

ആദ്യ പവര്‍പ്ലേ ഓവറുകളില്‍ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പുറത്താക്കാനാകാതെ പോയത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. 192 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ തുടക്കത്തിലെ ഇന്ത്യയുടെ രണ്ട് വമ്പന്‍മാരെയും പുറത്താക്കാന്‍ അവര്‍ക്ക് കഴിയണമായിരുന്നു. 16 റണ്‍സെടുത്ത കോഹ്ലിയെ പുറത്താക്കിയെങ്കിലും, രോഹിത് അടിച്ചുമുന്നേറിയതോടെ കളി പാകിസ്ഥാന്റെ കൈയില്‍നിന്ന് നഷ്ടമാകുകയായിരുന്നു.

പാകിസ്ഥാന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നില്ല അവരുടെ ഓപ്പണര്‍മാരില്‍നിന്ന് ഉണ്ടായത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ അബ്ദുള്ള ഷഫീഖ് ഇന്ത്യയ്‌ക്കെതിരെ 20 റണ്‍സെടുത്ത് പുറത്തായി. എട്ടാമത്തെ ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഇത്രയും ഓവറില്‍ 41 റണ്‍സാണ് അവര്‍ക്ക് നേടാനായത്. മറ്റൊരു ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 36 റണ്‍സ് നേടിയെങ്കിലും, ലോങ് ഇന്നിംഗ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് സമ്മര്‍ദ്ദം ലഘൂകരിക്കാനും പതുക്കെ മത്സരത്തില്‍ പിടിമുറുക്കാനും ഇന്ത്യ ബോളര്‍മാരെ സഹായിച്ചു.

നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി അവസരത്തിനൊത്ത് ഉയരാന്‍ പാക് സ്പിന്നര്‍മാര്‍ക്ക് സാധിച്ചില്ല. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മിന്നുന്ന പ്രകടനം പുറത്തെടുത്ത അതേ ട്രാക്കില്‍ പാക് സ്പിന്നര്‍മാര്‍ തീര്‍ത്തും നിഷ്പ്രഭമായി മാറി. ജഡേജയും കുല്‍ദീപും ചേര്‍ന്ന് രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ഇക്കണോമി നിരക്ക് നാലില്‍ താഴെ നിര്‍ത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here