ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണമെന്ന് നടി കങ്കണ റണൗട്ട്. ന്യൂസ് 18 ‘അമൃത് രത്‌ന’ 2023-ൽ സംസാരിക്കവെയാണ്, നിർബന്ധിത സൈനിക പരിശീലനം അച്ചടക്കം വളർത്തിയെടുക്കുമെന്നും അലസതയും നിരുത്തരവാദവും ഇല്ലാതാക്കുമെന്നും കങ്കണ പറഞ്ഞത്.
ഇന്ത്യ എതിരാളിയായി കരുതുന്ന രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളുമായി സൗഹൃദം നിലനിർത്തുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കങ്കണ വിമർശിച്ചു. ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്നേഹം പ്രകടിപ്പിക്കുമ്പോഴും ക്രിക്കറ്റ് കളിക്കാർ അവരെ കെട്ടിപ്പിടിക്കുമ്പോഴും നമ്മുടെ സൈനികർ ചോദിക്കുന്നു, അപ്പോൾ അവരെ ശത്രുക്കളായി കരുതുന്നത് ഞങ്ങൾ മാത്രമാണോ? ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ഞങ്ങൾക്ക് മാത്രമാണോ? അതുകൊണ്ടാണ് ഞങ്ങൾ തേജസ് നിർമ്മിച്ചത്. അതിർത്തിയിൽ പോരാടുമ്പോൾ തനിക്ക് പിന്നിൽ നിന്ന് രാജ്യത്തെ ജനങ്ങൾ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നതെന്നും കങ്കണ പറയുന്നു.
എയർഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സർവേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൻഷുൽ ചൗഹാനും വരുൺ മിത്രയും ആശിഷ് വിദ്യാർഥിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹരി കെ വേദാനന്തമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തും.