കൊച്ചി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഗതാഗതക്കുരുക്കും ബഹുനില കെട്ടിടങ്ങളും നിറഞ്ഞ തിരക്കേറിയ നഗരമാണ്. എന്നാൽ മെട്രോ സിറ്റി എന്ന ലേബലിനു പുറമേ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന നിരവധി സ്ഥലങ്ങൾ കൊച്ചിയിലുണ്ട് ‘ഇരട്ട’ ഗ്രാമങ്ങളെന്ന് വിളിപേരുള്ള എറണാകുളം ജില്ലയിലെ ചേപ്പനവും ചാത്തമ്മയും അത്തരത്തിലൊന്നാണ്.
കൊച്ചിയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെ കുമ്പളം പഞ്ചായത്തിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, കുമ്പളം, പനങ്ങാട് (മാടവന, ഉദയത്തുംവാതൽ ഉൾപ്പെടെ), ചേപ്പനം, ചാത്തമ്മ എന്നീ ചെറിയ ദ്വീപുകൾ ഉൾപ്പെടുന്ന ഒരു കൂട്ടമാണ് കുമ്പളം ഗ്രാമം.
രാജഭരണ കാലത്തും സ്വാതന്ത്ര്യ സമര കാലത്തും ആളുകൾക്ക് ദ്വീപ് സുരക്ഷിതമായ ഒളിത്താവളമായി കണ്ടിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപെടെ നിരവധി പേർ ചാത്തമ്മയിൽ ആ കാലഘട്ടത്തിൽ അഭയം പ്രാപിച്ചിരുന്നു. പിന്നീട് ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം നിർമ്മിക്കുകയുണ്ടായി. അങ്ങനെ ഇതൊരൊറ്റപ്പെട്ട സ്ഥലമല്ലാതായി .
എറണാകുളത്ത് നിന്ന് വൈറ്റില വഴിയാണ് ചാത്തമ്മയിലേക്കുള്ള റൂട്ട്. ദ്വീപിലേക്ക് പോകുന്ന റോഡിൻ്റെ ഇരുവശവും കായലും നെൽവയലുകളും നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ഗ്രാമങ്ങളിലെയും എല്ലാ റോഡുകളും കായലിലാണ് അവസാനിക്കുന്നത്. ചെമ്മീൻ കൃഷിയും മത്സ്യകൃഷിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മത്സ്യബന്ധനം ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ചാത്തമ്മ. പ്രദേശവാസികളുടെ പ്രധാന വരുമാന മാർഗ്ഗവും മത്സ്യബന്ധനം തന്നെ.
പ്രകൃതി സൗന്ദര്യം വിളിച്ചോദുന്ന മനോഹരമായ ഈ ഗ്രാമങ്ങൾ പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട ഇടംകൂടിയാണ് . നിരവധി ദേശാടന പക്ഷികൾ ഇവിടെ എത്താറുണ്ട്. നെൽപ്പാടങ്ങളുടെ വരമ്പിലൂടെ നടക്കാനും സൈക്ലിംഗ് ആസ്വദിക്കാനും ഒരുപാട് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കയാക്കിംഗും സെയിലിംഗും ആസ്വദിക്കാനുള്ള സൗകര്യം ഈ പ്രദേശം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. കൂടാതെ, കൈതപ്പുഴ കായലിലെ ദൃശ്യ ഭംഗി ഏവരുടെയും മനം കവരുന്നതാണ്. സന്ദർശകരെ ആകർഷിക്കുന്ന മറ്റൊന്ന് ചേപ്പനം പാലമാണ്. പാലത്തിനു സമീപം ധാരാളം ചീനവലകളും ഉണ്ട്.
സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ചകൾ ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്. ഇവിടെ ചെമീൻ ഫാമുകളും ധാരാളമുണ്ട്. നാവിൽ വെള്ളമൂറുന്ന നാടൻ മത്സ്യവിഭവങ്ങളും പനം കള്ളും രുചിക്കാൻ ആളുകൾ ഇവിടെയെത്തുന്നു. വള്ളത്തിൽ സഞ്ചരിക്കുന്ന ഗ്രാമീണരും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യരും സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച.
വൈകുന്നേരങ്ങൾ കുടുംബത്തോടെ ചെലവഴിക്കാൻ നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്. പക്ഷേ, ചേപ്പനവും ചാത്തമ്മയും ഇതുവരെ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ചിട്ടില്ല എന്നു വേണം പറയാൻ. എന്നിരുന്നാലും ഈ ചെറിയ ദ്വീപുകൾ ഭാവിയിൽ വലിയ വിനോദസഞ്ചാര സാധ്യതകൾ തന്നെയാണ് .