ഈ പതിറ്റാണ്ടില്‍ യുഎസ്, തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളിയായി മാറുമെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ചൂട് കൂടി വരുന്നതിനാല്‍, വൈറസിനെ വഹിക്കുന്ന കൊതുകുകള്‍ വളരെ വേഗത്തില്‍ അണുബാധ പരത്താനുള്ള സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യയിലും ലാറ്റിനമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ രോഗം ഏറെക്കാലമായി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇവിടങ്ങളില്‍ ഡങ്കിപ്പനി ഓരോ വര്‍ഷവും 20,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. 2000 മുതല്‍ ഡെങ്കിപ്പനി നിരക്കില്‍ എട്ട് മടങ്ങു വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ മാറ്റവും ആളുകള്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലുണ്ടായ വര്‍ധനവും നഗരവത്കരണവുമാണ് ഇതിന് കാരണം.
2022-ല്‍ 4.2 മില്യണ്‍ ഡെങ്കിപ്പനി കേസുകളാണ് ലോകമെമ്പാടുമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നാൽ രേഖപ്പെടുത്താത്ത ഡെങ്കിപ്പനി കേസുകളും ഏറെയാണ്. അതേസമയം, ഈ വര്‍ഷം ഡെങ്കിപ്പനി കേസുകള്‍ ഇതിനേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുമെന്ന് പൊതുജനാരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ബംഗ്ലാദേശിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്, 1000ല്‍ പരം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡെങ്കിപ്പനിയെക്കുറിച്ച് കൂടുതല്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞൻ ജെറമി ഫറാര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ”ഭാവിയില്‍ പല വലിയ നഗരങ്ങളിലും വരാനിരിക്കുന്ന അധിക സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടും എന്നതിന് രാജ്യങ്ങളെ ഞങ്ങള്‍ ശരിക്കും തയ്യാറാക്കേണ്ടതുണ്ട്,”അദ്ദേഹം പറഞ്ഞു.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളെക്കുറിച്ച് 18 വര്‍ഷം വിയറ്റ്‌നാമില്‍ ഗവേഷണം നടത്തി അദ്ദേഹത്തിന് പരിചയമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് അദ്ദേഹം ലോകാരോഗ്യസംഘടനയുടെ ഭാഗമാകുന്നത്. അദ്ദേഹം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ വെല്‍ക്കം ട്രസ്റ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് വ്യാപനകാലത്ത് യുകെ സര്‍ക്കാരിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആഗോളതാപനം പുതിയ പ്രദേശങ്ങൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ക്ക് അനുകൂലമാക്കി തീര്‍ക്കും. നിലവില്‍ യുഎസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വളരെക്കുറച്ച് മാത്രം ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടാറുള്ളത്. എന്നാൽ ഇവിടെ വലിയതോതില്‍ ഡെങ്കിപ്പനി ‘പൊട്ടിപ്പുറപ്പെടാനുള്ള’ സാധ്യത നിലനില്‍ക്കുന്നു. ഇത് പല രാജ്യങ്ങളിലെയും ആശുപത്രി സംവിധാനങ്ങളില്‍ കടുത്ത സമ്മര്‍ദം ചെലുത്തുമെന്നും ഫെറാര്‍ മുന്നറിയിപ്പു നല്‍കി.