ഫാനും കുടിവെള്ളവും ഉറപ്പാക്കണം: സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ക്ക് ഹൈക്കോടതി അനുമതി.

0
51

കൊച്ചി: ക്ലാസ്മുറിയില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി.

കേരള സി.ബി.എസ്.ഇ. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള സ്കൂളുകള്‍ക്കാണ് അവധിക്കാല ക്ലാസുകള്‍ തുടരാന്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്.

ചൂട് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്കാല ക്ലാസുകള്‍ വിലക്കി സര്‍ക്കാര്‍ മേയ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേരള സി.ബി.എസ്.ഇ. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

രക്ഷിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല ക്ലാസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും രക്ഷിതാവ് ക്ലാസിന്റെ കാര്യത്തില്‍ എതിര്‍പ്പുന്നയിച്ചാല്‍ ക്ലാസ് നീട്ടിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ മികവിനുവേണ്ടിയാണ് പി.ടി.എ.യുടെ അടക്കം സമ്മതത്തോടെ അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്നു കോടതി അഭിപ്രായപ്പെട്ടു.

മതിയായ കാരണമില്ലാതെ അത് വിലക്കേണ്ടതില്ല. മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാതെയാണു സര്‍ക്കാര്‍ അവധിക്കാല ക്ലാസ് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

രക്ഷിതാക്കളുടെയടക്കം മേല്‍നോട്ടത്തില്‍ അവധിക്കാല ക്ലാസ് നടത്താന്‍ അനുമതിനല്‍കി ഹൈക്കോടതി 2018-ല്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നു കോടതി നിരീക്ഷിച്ചു. പത്തുദിവസത്തിനുശേഷം വിഷയം വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here