ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റുകൾക്ക് തകർത്താണ് കിവീസ് ലോകകപ്പ് ക്യാംപയിൻ ജയത്തോടെ തുടങ്ങിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒഴിഞ്ഞ ഗ്യാലറിയുമായി നടന്ന മത്സരത്തിൽ തുടക്കം മുതൽ ന്യൂസിലാൻഡ് വ്യക്തമായ ആധിപത്യം പുലർത്തി.
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ വിവാദ ജയം സ്വന്തമാക്കി തങ്ങളുടെ കിരീട പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഇംഗ്ലണ്ടിനെ തന്നെ തകർത്തത് ന്യൂസിലാൻഡിന് മധുര പ്രതികരവുമായി. ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനോട് 3-1ന് തോറ്റതിന് കേവലം ആഴ്‌ചകൾക്ക് ശേഷം ഐസിസി ടൂർണമെന്റിൽ എന്നും തങ്ങളുടെ ടീം കറുത്ത കുതിരകളാണെന്ന് അടിവരയിടുകയായിരുന്നു കിവീസ്.
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയ ലക്ഷ്യം 82 പന്തുകൾ ബാക്കി നിൽക്കെയാണ് ന്യൂസിലാൻഡ് മറികടന്നത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് (77) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് വിക്കറ്റുകൾ വീതം നേടിയ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങിനെ തകർത്തത്. റൂട്ടിന് പുറമെ ജോസ് ബട്‌ലര്‍ (43), ജോണി ബെയര്‍സ്‌റ്റോ (33) എന്നിവരും സ്‌കോർ ബോർഡിൽ കാര്യമായ സംഭാവനകൾ നൽകി.
മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ അവർക്ക് ഓപ്പണർ വില്‍ യംഗിനെ നഷ്‌ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രചിൻ രവീന്ദ്ര, ഡെവോൺ കോൺവോയ് എന്നിവർ പതറാതെ കിവീസിനെ മുന്നോട്ട് നയിച്ചു, ഇരുവരും സെഞ്ചുറിയും നേടി. 96 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സും 11 ഫോറും സഹിതം രചിൻ രവീന്ദ്ര 123 റൺസ് നേടിയപ്പോൾ മറുവശത്ത് ഡെവോൺ കോൺവോയ് 121 പന്തുകളിൽ നിന്ന് 151 റൺസും നേടി.
അതേസമയം, ലോകകപ്പിൽ നാളെ പാകിസ്ഥാൻ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. താരതമ്യേന ദുർബലരായ നെതർലാൻഡ്‌സിന് എതിരായാണ് പച്ചപ്പടയുടെ ആദ്യ മത്സരം. ഹൈദരാബാദിൽ വച്ചാണ് മത്സരം നടക്കുക.