ചെന്നൈ: ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടില്‍ 9000 കോടി അബദ്ധത്തില്‍ നിക്ഷേപിച്ച സംഭവത്തിൽ തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ എംഡി സ്ഥാനമൊഴിഞ്ഞു. ബാങ്കിന്‍റെ എം.ഡിയും സിഇഒയുമായ എസ് കൃഷ്‌ണന്‍ ആണ് സ്ഥാനമൊഴിഞ്ഞത്. ഒരാഴ്ച മുമ്പാണ് ഏറെ കോളിളക്കമുണ്ടായ സംഭവം പുറത്തുവന്നത്. അബദ്ധം മനസിലായതോടെ ബാങ്ക് പണം പിൻവലിക്കുകയും ചെയ്തിരുന്നു.
ചെന്നൈയിൽ ഓട്ടോറിക്ഷ ഡ്രൈവറായ രാജ്‌കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് സെപ്‌റ്റംബര്‍ ഒന്‍പതിന് മെര്‍ക്കന്‍റൈല്‍ ബാങ്ക് 9000 കോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചത്. മൊബൈല്‍ ഫോണില്‍ ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചെങ്കിലും ആദ്യം രാജ്‌കുമാർ ഇത് വിശ്വസിച്ചില്ല. കബളിപ്പിക്കാനായി കൂട്ടുകാർ സന്ദേശം അയച്ചതെന്നാണ് ഇയാൾ കരുതിയത്.
സുഹൃത്തിനൊപ്പം കോടമ്പാക്കത്ത് താമസിച്ച് വാടകയ്‌ക്ക് ഓട്ടോ ഓടിച്ചു വരികയായിരുന്നു രാജ്കുമാർ. സെപ്റ്റംബർ 9ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ രാജ്കുമാറിന്റെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് വന്നു. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽനിന്ന് രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9000 കോടി രൂപ നിക്ഷേപിച്ചെന്നായിരുന്നു എസ്എംഎസ് സന്ദേശം.
ആദ്യം വിശ്വസിക്കാതിരുന്ന രാജ്കുമാർ, സുഹൃത്തുക്കൾ തമാശയ്ക്ക് അയച്ച മെസേജ് ആണെന്ന് കരുതി. 105 രൂപ മാത്രമുള്ള തന്റെ ബാങ്ക് അക്കൗണ്ടിൽ എങ്ങനെയാണ് ഇത്രയും പണം വന്നതെന്നറിയാതെ കുഴഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാൻ സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടിയതോടെ രാജ്കുമാർ ഞെട്ടി.
മണിക്കൂറുകള്‍ക്ക് ശേഷം മെര്‍ക്കന്‍റൈല്‍ ബാങ്കില്‍ നിന്ന് വിളിയെത്തി. പണം അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ രാജ്‌കുമാറിനെ അറിയിച്ചു. പിന്നാലെ ബാങ്ക് പണം പിന്‍വലിക്കുകയും ചെയ്‌തു. രാജ്‌കുമാറിന്‍റെയും ബാങ്കിന്‍റെയും അഭിഭാഷകര്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പില്‍ 9000 കോടിയില്‍ നിന്ന് ഇയാള്‍ പിന്‍വലിച്ച 21,000 രൂപ തിരികെ നല്‍കേണ്ട എന്നും വാഹന വായ്‌പ നല്‍കാമെന്നും ബാങ്ക് അറിയിക്കുകയായിരുന്നു.