തിരുവനന്തപുരം: എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത് കിടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നത് അല്ല ഇത്. ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടും. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുക.
എട്ട് ബില്ലുകളാണ് ഗവർണർ ഒപ്പിടാതെയുള്ളത്. ഇതിൽ മൂന്ന് ബില്ലുകൾ ഒരു വർഷവും പത്ത് മാസവും കടന്നു. മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. ഒരു വർഷമാകാത്ത രണ്ട് ബില്ലുകളും ഉണ്ട് എല്ലാം ഗവർണറുടെ കൈയ്യിൽ ഭദ്രം. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല.
ബില്ലുകളിൽ ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം വിശദീകരണം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനില്ല. പൊതുജനാരോഗ്യ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.