കണ്ണൂര് > പ്രതികള് രക്ഷപ്പെട്ടാലും വേണ്ടില്ല സര്ക്കാര് പദ്ധതികള് തകര്ക്കലായി കേന്ദ്ര അന്വേഷണ ഏജന്സികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അന്വേഷണ ഏജന്സികള് അവരുടെ ഉത്തരവാദിത്വത്തില് നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവര്ത്തിക്കുന്നത്. ഇത് സംസ്ഥാന സര്ക്കാര് ഗൗരവമായി കാണുന്നു. ഇക്കാര്യങ്ങള് വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നല്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
കേരളത്തില് മേയാന് കേന്ദ്ര ഏജന്സികള്ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. കേന്ദ്ര ഏജന്സികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. അഹമ്മദ് പട്ടേല് മുതല് ചിദംബരം വരെ നിരവധി കോണ്ഗ്രസ് നേതാക്കള് ഇ.ഡി വേട്ടയാടിയവരുടെ പട്ടികയിലുണ്ട്.രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്സികള് സ്വീകരിച്ചിരിക്കുന്നത്. കോടികള് നല്കി ഭരണം അട്ടിമറിക്കുമ്ബോള് അന്വേഷണമില്ല. അഴിമതിക്കാര്ക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാര് ബിജെപിയില് എത്തിയാല് കേസില്ലാതായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്സികളെ കുറിച്ച് ആദ്യഘട്ടത്തില് എതിര്പ്പുണ്ടായല്ല. എന്നാല് അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായത്. അന്വേഷണത്തിലിരിക്കുന്ന കാര്യത്തിന്റെ വസ്തുത തെളിവുകളുടെ അടിസ്ഥാനത്തില് പരിശോധിക്കലാണ് അവരുടെ ചുമതല. എന്നാല് ഇന്ന് കാണുന്നത് കേന്ദ്രവും യുഡിഎഫും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നാണ്. കോണ്ഗ്രസിനെ വിലയ്ക്ക് വാങ്ങുന്ന തന്ത്രമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.