കൊടിയേരിക്ക് മറുപടിയുമായി മുല്ലപ്പള്ളി

0
100

കോടിയേരിയുടെ ആരോപണങ്ങള്‍ ശക്തമായ മറുടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഇതോടെ ദിവസങ്ങളായി നടന്നു വരുന്ന സംഘപരിവാര്‍ബന്ധ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ മാനം കൈവന്നു. മുല്ലപ്പള്ളിയുടെ ആരോപണം ഇങ്ങനെ പോകുന്നു.കോണ്‍ഗ്രസിന്റെ മതേതര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട. സമാനമായ ആരോപണം ഒരാഴ്ച മുന്‍പ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ കുടില ബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.അധികാരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലേഖനത്തിലുടനീളമുള്ളത്.കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും. തീവ്രമതാധിഷ്ഠിത സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സിപിഎം. അവസരവാദമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം. മതേതരവാദം വെറും കാപട്യമാണ്. സിപിഎമ്മിന്റെ ആര്‍എസ്എസ് വിരോധം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണ്. ദീര്‍ഘകാലം ആര്‍എസ്എസിനും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു ആര്‍എസ്എസ് നേതാവ് പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഈ ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയ്യാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാര്‍ മനസ്സാണ് ഇതിലൂടെ പ്രകടമാകുന്നത്.ആര്‍എസ്എസിന്റെ കായംകുളം ശാഖയില്‍ കാക്കി ട്രൗസറുമിട്ട് പോയകാലത്തെ കുറിച്ച് സിപിഎമ്മിന്റെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം സംഘപരിവാര്‍ മനസ്സുള്ളവര്‍ തന്നെയാണ് സിപിഎമ്മിനെ നയിക്കുന്നതെന്നാണ്. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയെ 1989 ലെ തിരഞ്ഞെടുപ്പില്‍ 85 സീറ്റിലെത്തിക്കുന്നതില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിന് വലിയ പങ്കുണ്ട്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അവിടെനിന്ന് മറ്റ് ഉന്നതരിലേക്കും തിരിയുമെന്ന പരിഭ്രാന്തിയാണ് കോടിയേരിക്ക്. സിപിഎമ്മിന് നാളിതുവരെ ഇതുപോലൊരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിട്ടില്ല. സിപിഎമ്മിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍എസ്എസ് ബന്ധത്തിന്‍റെ നിരവധി ഏടുകള്‍ ലഭിക്കും. ആര്‍എസ്എസ്, ജനസംഘം,ബിജെപി എന്നിവയുമായി സിപിഎമ്മിനുള്ള ബന്ധം താന്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്. ഈ നിമിഷം വരെ അതു നിഷേധിക്കാന്‍ സിപിഎം തയ്യാറായില്ല. എക്കാലത്തും ആര്‍എസ്എസുമായി സന്ധിചെയ്തു മുന്നോട്ട് പോയ പ്രസ്ഥാനമാണ് സിപിഎം. ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിന് താന്‍ കോടിയേരിയേയും മുഖ്യമന്ത്രിയേയും പരസ്യമായി വെല്ലുവിളിച്ചതാണ്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായില്ല.തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വര്‍ഗീയ വാദികളായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്‍റെ രീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here