നായക്കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി റോബിന്റെ സങ്കേതത്തിൽ എത്തിയ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ.

0
61

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിൻ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്.

റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ്  ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.

ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിൻ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു

റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here