ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ യോഗേഷ് ശുക്ലയുടെ വസതിയിൽ നിന്നുമാണ് 30 കാരന്റെ മൃതദേഹം കണ്ടെത്തിയത്. എംഎൽഎയുടെ മാധ്യമസംഘത്തിലെ അംഗമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
യോഗേഷ് ശുക്ലയുടെ ഹസ്രത്ഗഞ്ച് ഏരിയയിലെ ഔദ്യോഗിക വസതിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബരാബങ്കി സ്വദേശിയും എം.എൽ.എയുടെ മാധ്യമസംഘത്തിലെ അംഗവുമായ ശ്രേഷ്ഠ് തിവാരിയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നടക്കുമ്പോൾ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.