ബന്ധുക്കള്‍ ഉപേക്ഷിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വൃദ്ധനെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. പൊന്നാനി പള്ളിക്കടവ് സ്വദേശി അബൂബക്കറിനെ തവനൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ തീരുമാനമായി.
അബൂബക്കറിന്റെ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തമെന്ന് മലപ്പുറം ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍ ഷീബാ മുംതാസ് പറഞ്ഞു. കഴിഞ്ഞ രണ്ടരമാസക്കാലമായി 74 വയസുകാരനായ അബൂബക്കര്‍ രോഗശയ്യയില്‍ കിടക്കുകയായിരുന്നു. മക്കളും ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതോടെ വയോധികന്‍ എങ്ങോട്ടുപോകുമെന്നറിയാത്ത ദുരവസ്ഥയിലായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് വയോധികന്‍ ആശുപത്രിയില്‍ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത്.
രണ്ടരമാസക്കാലം ഇവിടെ ഞാന്‍ നില്‍ക്കുകയായിരുന്നു. വികാരനിര്‍ഭരമായായിരുന്നു അബൂബക്കറിന്റെ പ്രതികരണം. ആറ് മാസം മുന്നെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാലിന് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ അബൂബക്കറിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്.ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയ അബൂബക്കറിനെ വീട്ടില്‍ കയറ്റാതെ തിരിച്ചയച്ചു. ജീവിതത്തിന്റെ ഒരു ഭാഗം മുഴുവന്‍ പ്രവാസ ജീവിതത്തില്‍ അര്‍പ്പിച്ചു കുടുംബത്തിന് താങ്ങും തണലുമായി നിന്ന് ഏറ്റവും ഒടുവില്‍ ആരും ഇല്ലാതെ അവസാനിക്കുന്ന പ്രവാസികളുടെ പ്രതിനിധികൂടിയാണ് അബൂബക്കര്‍.