പ്രകൃതിയെ വാടകയ്ക്ക് നൽകുന്ന ഒരു സ്ഥലമുണ്ട് തിരുവനന്തപുരത്ത്. ബാലരാമപുരം ഭഗവതിനടയിലെ ഗ്രാമത്തിലാണ് പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുക. പഴമക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗൃഹാതുരതയോടെയുള്ള സഞ്ചാരമാണ് ഗ്രാമത്തിലെ കാഴ്ചകൾ.
ബാലരാമപുരം ഭഗവതിനടയിലാണ് ഗ്രാമം എന്നു പേരിട്ടിട്ടുള്ള പദ്ധതി നടപ്പാക്കിയത്. ഇവിടെയുള്ള രണ്ട് ഏക്കറോളം സ്ഥലത്ത് പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ ഗ്രാമത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ചെടികളും കുളവും കാളവണ്ടിയും ഓലകൊണ്ടുള്ള കുടിലുകളുമൊക്കെയായി നാട്ടിൻപുറത്തെ ഹൃദ്യമായ ഓർമ്മകളിലേക്ക് ആനയിക്കുന്ന ഒരിടം. നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായ പലതിനെയും മുതിർന്ന തലമുറയ്ക്ക് ഓർമ്മപ്പെടുത്തുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു കേന്ദ്രമാണ് ഗ്രാമം. ഫോട്ടോഷൂട്ടിനും കുടുംബ സംഗമത്തിനും ഇവിടെ ഉപയോഗിക്കാം. പ്രകൃതിയോടും പരിസ്ഥിതിയോടും നാട്ടിൻപുറങ്ങളോടുമൊക്കെ അതിരുകളില്ലാത്ത സ്നേഹം കാത്തുസൂക്ഷിക്കുന്ന മനോജ് ഗ്രീൻവുഡ്സ് എന്ന കലാസംവിധായകനാണ് ഗ്രാമത്തിനു പിന്നിൽ.
ഗ്രാമത്തിലെത്തുന്ന സ്‌കൂൾ കുട്ടികൾക്ക് മരത്തിന് ചുറ്റുമിരുന്ന് പഠിക്കാനുള്ള സൗകര്യവുമുണ്ട്. ഇതോടൊപ്പം ഏറ്റവും ആകർഷമായത് പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂർവ ശേഖരമാണ്. നിലംതല്ലിയും കലപ്പയും പഴയ തലമുറയിലെ ആഡംബര വസ്തുക്കളുമെല്ലാം ഈ മ്യൂസിയത്തിലുണ്ട്.
കോൺക്രീറ്റൊന്നും ഇവിടെ ഉപയോഗിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. ചുറ്റും കോൺക്രീറ്റ് കെട്ടിടങ്ങൾ തലയുർത്തുമ്പോൾ പ്രകൃതിയെ ചേർത്ത് പിടിച്ച് നടക്കാൻ ഒരിടം കൂടിയാണ് ഗ്രാമം.