ലോക്‌സഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയ്‌ക്കെത്തും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ ബുധനാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്. നാരി ശക്തി വന്ദന്‍ അധീനിയം എന്ന ബില്‍ എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അംഗീകരിക്കപ്പെട്ടത്.
27 വര്‍ഷമായി പാര്‍ടികള്‍ക്കിടയില്‍ അഭിപ്രായസമന്വയമില്ലാത്തതിനാല്‍ 27 വര്‍ഷമായി തീരുമാനങ്ങളില്ലാതെ കിടക്കുകയായിരുന്നു വനിതാ സംവരണ ബില്‍. ഇത് പുനരുജ്ജീവിപ്പിച്ചാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് ശേഷം 454 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചും രണ്ട് പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി പാസാക്കിയ ബില്ലിന്റെ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നിഹിതനായിരുന്നു.
മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകള്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഉടന്‍ നടപ്പാക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടയിലാണ് ലോക്‌സഭയില്‍ ബില്‍ സുഗമമായി പാസാക്കിയത്. എന്നാല്‍ 2029-ഓടെ സെന്‍സസും അതിര്‍ത്തി നിര്‍ണയവും പൂര്‍ത്തിയാകുമ്പോള്‍ ക്വാട്ട നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.