2003ൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വെടിയേറ്റ് മരിച്ച കവയിത്രി മധുമിത ശുക്ലയുടെ സഹോദരി സർക്കാരിൽ നിന്ന് സംരക്ഷണവും കേസിനെ നടത്താൻ ആളുകളിൽ നിന്ന് സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. ഭീഷണി കോളുകൾ ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.
മധുമിതയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി അമർമണി ത്രിപാഠിയും ഭാര്യ മധുമണിയും കഴിഞ്ഞ മാസമാണ് ജയിൽ മോചിതരായത്. മുൻ ഉത്തർപ്രദേശ് മന്ത്രിയേയും ഭാര്യയേയും വിട്ടയക്കാനുള്ള തീരുമാനത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥയാണെന്ന് നിധി പറഞ്ഞു.
“ഈ കേസിൽ പോരാടുകയല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല, എന്റെ ജീവിതത്തിന്റെ പകുതിയും ഈ കേസിൽ പോയി, എന്നാൽ ജീവിതകാലം മുഴുവൻ ഞാൻ പോരാടും. ഓരോ നിമിഷവും ഞങ്ങൾ ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്, മുഴുവൻ. ഭാവിയും നശിച്ചു.”- മധുമിതയുടെ സഹോദരി നിധി ശുക്ല പിടിഐയോട് വ്യക്തമാക്കി.
“ഓഗസ്റ്റ് 25 ന് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി കോളുകൾ വന്നിരുന്നു. 2003 മുതൽ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ഈ പോരാട്ടം വളരെക്കാലം തുടരും. അതിനാൽ എനിക്ക് നിങ്ങളുടെ പിന്തുണ വേണം. 20 വർഷത്തെ കഠിനാധ്വാനം വെറുതെയാവാൻ ഞാൻ അനുവദിക്കില്ല. അമർമണിയെ തിഹാർ ജയിലിൽ അടയ്ക്കാൻ ആവശ്യപ്പെട്ടു.”- നിധി കൂട്ടിച്ചേർത്തു.
അമർമണി ത്രിപാഠിയേയും ഭാര്യയേയും 16 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ സംസ്ഥാനത്തിന്റെ 2018 ലെ ഇളവ് നയം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് ജയിൽ വകുപ്പ് അകാല മോചനത്തിന് ഉത്തരവിട്ടിരുന്നു. അമർമണി ത്രിപാഠിക്ക് 66 വയസും മധുമണിക്ക് 61 വയസുമുള്ളതിനാൽ അവരുടെ പ്രായവും നല്ല പെരുമാറ്റവും ജയിൽ വകുപ്പ് പരിഗണിച്ചുവെന്ന് ഉത്തരവ് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗർഭിണിയായിരുന്ന മധുമിത 2003 മെയ് 9നാണ് ലഖ്നൗവിലെ പേപ്പർ മിൽ കോളനിയിൽ വെടിയേറ്റ് മരിച്ചത്. 2003 സെപ്തംബറിൽ കൊലപാതകവുമായി ബന്ധപ്പെട്ട് അമർമണി ത്രിപാഠിയെ അറസ്റ്റ് ചെയ്തു.
കൊലപാതകക്കുറ്റത്തിന് ത്രിപാഠിക്കും ഭാര്യയ്ക്കും ജീവപര്യന്തം തടവ് 2007 ഒക്ടോബറിൽ ഡെറാഡൂൺ കോടതി വിധിച്ചിരുന്നു. പിന്നീട് നൈനിറ്റാൾ ഹൈക്കോടതിയും സുപ്രീം കോടതിയും ദമ്പതികളുടെ ശിക്ഷ ശരിവച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആണ് കേസ് അന്വേഷിച്ചത്.