പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

0
74

സനാതന ധർമ വിവാദത്തിൽ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ സഖ്യം സനാതന ധർമ്മത്തിനും, രാജ്യത്തിന്റെ സംസ്കാരത്തിനും, പൗരന്മാർക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പരാമർശം.

“സനാതന ധർമ്മം ഉന്മൂലനം” ചെയ്യണമെന്ന തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മന്ത്രിയുടെ വിവാദ പരാമർശത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

“രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാൻ ഏതാനും ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു, അവർ ഒന്നിച്ച് ഒരു ഇന്ത്യൻ സഖ്യം രൂപീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കാനുള്ള രഹസ്യ അജണ്ടയും അവർ തീരുമാനിച്ചിട്ടുണ്ട്. സനാതന സംസ്കാരം അവസാനിപ്പിക്കാനുള്ള പ്രമേയവുമായാണ് സഖ്യം വന്നിരിക്കുന്നത്, സനാതനത്തെ ഉന്മൂലനം ചെയ്യണെമെന്ന ആഹ്വനം പരിധി ലംഘിക്കുന്നു”- മോദി പറഞ്ഞു.

“ഇന്ന്, അവർ പരസ്യമായി സനാതനയെ ലക്ഷ്യമിടുന്നു, നാളെ അവർ നമുക്ക് നേരെയുള്ള ആക്രമണം വർദ്ധിപ്പിക്കും. അത്തരക്കാരെ നമുക്ക് തടയേണ്ടി വരും,  ഇതിനെതിരെ രാജ്യത്തുടനീളമുള്ള എല്ലാ സനാതനന്മാരും, നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം.”- അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അധികാരത്തിനുവേണ്ടി ജീവിക്കുന്നവർക്ക്, നശിപ്പിക്കാൻ കഴിയാത്ത ഭാരതത്തിന്റെ ദേശീയ മതമാണ് സനാതന ധർമ്മമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.

“ഇന്നും ഭാരതത്തിൽ ജീവിക്കുന്ന പലരും സനാതന ധർമ്മത്തെ അപമാനിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ മൂല്യങ്ങളെയും ആദർശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും അവർ പാഴാക്കുന്നില്ല,” ആദിത്യനാഥ് പറഞ്ഞു.

അതേസമയം സനാതന ധർമ്മത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്രയിലെ താനെയിൽ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു. സനാതന ധർമ്മം പിന്തുടരുന്നവരുടെ വികാരങ്ങളെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ് സ്റ്റാലിന്റെ പരാമർശമെന്നാണ് പരാതിക്കാരന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here