മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സന്ദർശിച്ച് രജനികാന്ത്. ശിവാജി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ മൊട്ട ബോസിനെ അനുകരിച്ച് കൊണ്ടാണ് രജനികാന്തിനെ അൻവർ ഇബ്രാഹിം സ്വീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയെ രജനികാന്ത് സന്ദർശിച്ചത്. ജയിലറിന്‌റെ വിജയത്തിന് പിന്നാലെയാണ് രജനികാന്ത് മലേഷ്യ സന്ദർശിച്ചത്.
സൂപ്പർ താരത്തെ സ്വാഗതം ചെയ്ത അൻവർ ഇബ്രാഹിം അദ്ദേഹത്തിന് കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടയിൽ മൊട്ട ബോസിനെ പ്രധാനമന്ത്രി അനുകരിച്ചത് കൂടിനിന്നവരിലും ചിരി പടർത്തി. രജനികാന്തുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് അൻവർ തന്നെ തന്റെ ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചിരുന്നു. രജനികാന്തിന് എല്ലാ മേഖലയിലും മികവ് പുലർത്താനാകട്ടെ എന്നാണ് അദ്ദേഹം കുറിച്ചത്.
‘ഏഷ്യൻ, അന്താരാഷ്ട്ര കലാ ലോക വേദികളിൽ സുപരിചിതനായ ഇന്ത്യൻ നടൻ രജിനികാന്ത് എന്നെ സന്ദർശിച്ചു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ പോരാട്ടത്തിന് അദ്ദേഹം നൽകിയ ബഹുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പല കാര്യങ്ങളും അദ്ദേഹവുമായി ചർച്ച നടത്തി. രജനികാന്ത് ഈ മേഖലയിലും സിനിമാ ലോകത്തും ഇനിയും മികവ് പുലർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” അൻവർ ഇബ്രാഹിം കുറിച്ചു.