ഇരുരാജ്യങ്ങളിലെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 2 (ശനിയാഴ്ച) നടക്കും. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാൽ, ബലഗൊല്ല കൊടുങ്കാറ്റ് കാൻഡിയിലേക്ക് കടക്കുമെന്നതിനാൽ മഴ ഭീഷണി ഉയർന്നിരിക്കുകയാണ്. മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ മഴ വില്ലനാകുമെന്നാണ് റിപ്പോർട്ട്.
ഒരിക്കൽ മാത്രമല്ല, ഏഷ്യ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിലും ഫൈനലിലും എത്തിയാൽ ഇന്ത്യയും പാകിസ്ഥാനും ടൂർണമെന്റിൽ മൂന്ന് തവണ എങ്കിലും പരസപരം ഏറ്റുമുട്ടും. ഈ രണ്ട് ടീമുകളും ഏഷ്യാ കപ്പിലും ഐസിസി ഇവന്റുകളിലും മാത്രം ഏറ്റുമുട്ടുന്നതിനാൽ, ആരാധകരും വിദഗ്ധരും വിമർശകരും പോരാട്ടം കാണാൻ കാത്തിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പല്ലെക്കെലെ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുകയാണ്. സെപ്റ്റംബർ രണ്ടിലെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 90 ശതമാനം മഴ സാധ്യതയുണ്ടെന്നാണ് വിവിധ ഏജൻസികളുടെ കാലാവസ്ഥാ പ്രവചനങ്ങൾ.
കനത്ത മഴ ലഭിക്കുന്ന സമയമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സാധാരണ മത്സരങ്ങൾ നടത്താറില്ല. 33 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കാണ് പല്ലെക്കെലെ സ്റ്റേഡിയം ഇതുവരെ വേദിയായത്. ഇതിൽ മൺസൂൺ സമയത്ത് മൂന്ന് മത്സരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
സെപ്‌റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ ദ്വീപ് രാഷ്ട്രത്തിൽ കൂടുതൽ മത്സരങ്ങൾ നടത്താത്തതിന്റെ വ്യക്തമായ സൂചനയാണിത്. ടൂർണമെന്റിന്റെ യഥാർത്ഥ ആതിഥേയരായ പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ സർക്കാരിൽ നിന്ന് ബിസിസിഐക്ക് അനുമതി ലഭിക്കാത്തതിനാൽ ഏഷ്യൻ കപ്പിന്റെ 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിർബന്ധിതരാവുകയായിരുന്നു.
പാകിസ്ഥാൻ നാല് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ശ്രീലങ്കയ്ക്ക് ഒമ്പത് മത്സരങ്ങളാണ് ലഭിച്ചത്. ആ ഒമ്പത് മത്സരങ്ങളിൽ ഒന്ന് ഇന്ത്യ- പാകിസ്ഥാൻ ഗ്രൂപ്പ് എ ഗെയിമായിരുന്നു, കഴിഞ്ഞ വർഷം ടി20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനെതിരെ കളിച്ചത്. അന്ന് വിരാട് കോഹ്‌ലിയുടെ 83 റൺസിന്റെ മികവിൽ ഇന്ത്യ വിജയം നേടുകയും ചെയ്തു.