ദില്ലി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയിൽ തർക്കം. പശ്ചിമ ബംഗാളിൽ ഇന്ത്യ സഖ്യത്തിലാണ് നിലവിൽ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സഖ്യം സ്ഥാനാർത്ഥിയെ നിർത്തിയതിലാണ് തർക്കം. നേരത്തെ, ദില്ലിയിൽ കോൺഗ്രസും എഎപിയും തമ്മിലും തർക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്.
ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനർജി കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം. നേരത്തെ, ഇന്ത്യ യോഗം ചേർന്നതിന് പിന്നാലെയാണ് ദില്ലിയിൽ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള പോര് പുറത്തുവന്നത്. ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി അല്‍ക്ക ലാംബ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് ലോക്സഭാ മുന്നൊരുക്ക ചർച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാർട്ടിയും ഇന്ത്യ മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എഐസിസിയും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
അതേസമയം, അരവിന്ദ് കെജ്രിവാൾ മുംബൈ യോഗത്തിൽ പങ്കെടുക്കും. അതേസമയം, രാഹുല്‍ഗാന്ധിയുടെ ലഡാക്ക് സന്ദർശനം തുടരുകയാണ്. ഇന്നലെ ലഡാക്കിലെ വിരമിച്ച സൈനീകരെ രാഹുല്‍ സന്ദർശിച്ചിരുന്നു. പാര്‍ട്ടി പ്രവർത്തകരും നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ പാങ്ഗോഗ് തടാകത്തിലേക്ക് ബൈക്ക് യാത്രയും നടത്തിയിരുന്നു. ഓഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കിലുണ്ടാകുമെന്നാണ് സൂചന. ലഡാക്കിലെ സന്ദർശനത്തിനിടെ ചൈനയുടെ അതിർത്തിയിലെ കടന്നുകയറ്റത്തെ കുറിച്ചും രാഹുല്‍ വിമർശിച്ചിരുന്നു.