കോഴിക്കോട്: ലോക്സഭാ തെരഞ്ഞടുപ്പ് കാഹളം മുഴങ്ങും മുന്നോടിയായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമാക്കി സിപിഎം. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിൽ പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉൾക്കൊളളുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എ കെ ബാലൻ അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ പേരുകൾ ചര്‍ച്ചയിലുണ്ടെന്നിരിക്കെ ചില ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയിരിക്കുന്ന സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് വന്നു.
വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ജനപ്രീതിയുളള മുതിര്‍ന്ന നേതാക്കളെയും എംഎൽഎമാരെയും സിപിഎം പരിഗണിക്കുന്നതായാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെ കെ ശൈലജ, എ പ്രദീപ് കുമാര്‍, ടി വി രാജേഷ് അടക്കം ഇടംപിടിച്ചിട്ടുണ്ട്. 2009 ൽ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോൺഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തിൽ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ജനപ്രീതിയിൽ മുന്നിലുളള കെ കെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയിൽ പ്രവര്‍ത്തിച്ച വേളയിൽ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ.
കോഴിക്കോട് മണ്ഡലത്തിൽ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാൽ കോഴിക്കോട് രാഘവനെ മറിച്ചിടാൻ എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തൽ. കെ കെ ശൈലജയുടെ പേര് വടകരയ്ക്ക് ഒപ്പം കണ്ണൂരിലും പരിഗണിക്കപ്പെടുന്നതായാണ് വിവരം. കാസർഗോട്ട് എം വി ബാലകൃഷ്ണനെയും ടി വി രാജേഷിനെയും പരിഗണിക്കുന്നു. മലപ്പുറത്ത് യുഡിഎഫിൽ നിന്നും അടര്‍ത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തൽ. പാലക്കാട്ട് എം സ്വരാജിന്റെയും പേരും ഉയര്‍ന്നിട്ടുണ്ട്.
സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. 15 സീറ്റുകളിൽ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ്ചാഴിക്കാടനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.