ഷിംലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി പുറത്തെടുത്തതോടെ ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. ചമ്പ ജില്ലയിൽ രണ്ട് പേർ കൂടി മരിച്ചതായി വ്യാഴാഴ്‌ച അധികൃതർ അറിയിച്ചിരുന്നു. ഇതിൽ 21 മരണങ്ങൾ ഷിംലയിൽ ഉണ്ടായ മൂന്ന് പ്രധാന മണ്ണിടിച്ചിലിലാണ് നടന്നത്.
സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിലും, ഫാഗ്ലിയിലും കൃഷ്‌ണനഗറിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിൽ എട്ട് പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചമ്പ ജില്ലയിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ മരണസംഖ്യ 74 ആയി ഉയർന്നതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിക്കുകയായിരുന്നു.
ഞായറാഴ്‌ച മുതൽ മൂന്ന് ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. ജൂൺ 24 മുതൽ ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ ആകെ 217 പേർ മരിച്ചു. ഷിംലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ സമ്മർ ഹില്ലിൽ നിന്ന് 14 മൃതദേഹങ്ങളും ഫാഗ്ലിയിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും കൃഷ്‌ണനഗറിൽ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തതായി എസ്‌പി ഗാന്ധി പറഞ്ഞു.
കാൻഗ്ര ജില്ലയിലെ ഫത്തേപൂർ, ഇൻഡോറയിലെ പോങ് ഡാം എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യവും വ്യോമസേനയും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് 309 പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആകെ 2074 പേരെയാണ് ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. മൺസൂണിലെ കനത്ത മഴയിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ സംസ്ഥാനത്തിന് ഒരു വർഷമെടുക്കുമെന്നും ഈ ആഴ്‌ചയിലും ജൂലൈയിലുമായി ഉണ്ടായ കനത്ത മഴയിൽ 10,000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.