മലപ്പുറം: തിരൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാത്തതും പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷനില്‍ കൈവശമുള്ള തുക രേഖപ്പെടുത്താത്തതുമായി കണ്ടെത്തി.
എജന്റുമാരുടെ അപേക്ഷകളില്‍ സമയത്ത് ഫീസ് വാങ്ങാതെ തന്നെ സോഫ്റ്റ് വെയറില്‍ ഇടപാട് ചെയ്തു കൊടുത്തതും ക്യാഷ് കൗണ്ടറില്‍ 18,340 രൂപയുടെ കുറവും മറ്റൊരു കൗണ്ടറില്‍ 1,310 രൂപ അധികമായും കണ്ടെത്തി. ആര്‍.ടി.ഒ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏജന്റുമാര്‍ ഇടപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സ് അപേക്ഷകളില്‍ ഓഫീസ് രജിസ്റ്ററിലും സോഫ്റ്റ് വെയറിലും വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്.
പെര്‍മിറ്റ് ക്യാന്‍സലേഷന്‍, ഡീലര്‍ രജിസ്ട്രേഷന്‍, ഡീലര്‍ ടെംപററി രജിസ്ട്രേഷന്‍, ഓണര്‍ഷിപ്പ് ക്യാന്‍സല്‍ എന്‍ ഒ സി എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരുടെ കൈവശം രജിസ്റ്ററിലും സോഫ്റ്റ് വെയറിലും ഉള്‍പ്പെടുത്താതെയുളള വിവിധ ആവശ്യങ്ങള്‍ക്കായുളള ഡീലര്‍ കോഡ് രേഖപ്പെടുത്തിയ നിരവധി അപേക്ഷകളുണ്ടായിരുന്നു. ക്രമക്കേട് ചൂണ്ടിക്കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും.